തിരുവനന്തപുരം: പോലീസ് ട്രെയിനിംഗ് കോളജിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ ക്രമക്കേടെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്ന് ആരോപിച്ച് പോലീസുകാർ ഡിജിപിക്ക് പരാതി നൽകി.
പോലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാടുള്ള പോലീസ് ട്രെയിനിംഗ് കോളജ്. ഇവിടേക്ക് പോലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ നടത്തി ആളെ എടുക്കാൻ തീരുമാനിച്ചത്.
അങ്ങനെ ആദ്യമായി നടത്തിയ പരീക്ഷ അട്ടിമറിച്ചെന്നാണ് ആരോപണം. 24ന് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക വന്നപ്പോൾ ഒന്നാം റാങ്കു കിട്ടിയാൾക്ക് രണ്ടാം റാങ്കുകാരനേക്കാൾ 18 മാർക്ക് കൂടുതൽ. മുൻമന്ത്രിയുടെ ഗൺമാനും ഉന്നത റാങ്കുണ്ട്. ഇതോടെയാണ് പരാതി ഉയർന്നത്.
തുടർന്ന് പരീക്ഷയെഴുതിയ മറ്റ് പോലീസുകാർ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ പരീക്ഷ നടത്തിപ്പ് തീർത്തും സുതാര്യമാണെന്ന് പിടിസി പ്രിൻസിപ്പൽ പറഞ്ഞു.